Tuesday, May 26, 2009

പഞ്ചകർമ്മചികിത്സകൾ- തട്ടിപ്പും വാസ്തവവും

പഞ്ചകർമ്മചികിത്സകൾ- തട്ടിപ്പും വാസ്തവവും

ഇൻഡ്യക്ക് അകത്തും പുറത്തുമുള്ള പലരിൽ നിന്നും ധാരാളം അന്വേഷണങ്ങൾ ഇതിനെപ്പറ്റി എനിക്കു വരാറുണ്ട്. “എനിക്ക് ഒരാഴ്ചക്കുള്ളിൽ എല്ലാ പഞ്ചകർമ്മവും ചെയ്യണം“ എന്നാകും പലരുടെയും ഡിമാൻഡ്. അതു സാധ്യമല്ലല്ലോ എന്നു പറയുംബോൾ,വേറെ പലയിടത്തും ഞങ്ങൾ മുൻപു ചെയ്തിട്ടുണ്ടല്ലൊ എന്നാവും മറുപടി.കൂടുതൽ അന്വേഷിക്കുബോഴാണ് കാര്യം പിടികിട്ടുന്നത്.

കേരളീയ ആയുർവേദ ചികിത്സകൾ ആയ പിഴിചിൽ, നവരക്കിഴി, ഇലക്കിഴി ,ധാര ഇതൊക്കെയാണ് കക്ഷി ഉദ്ദേശിക്കുന്നത്.ഇതാണ് പഞ്ചകർമ ചികിത്സ എന്നു സായിപ്പിനെ തെറ്റിധരിപ്പിക്കുന്നതിൽ പല ആയുർവേദ ടൂറിസം സൈറ്റുകളും സഹായിച്ചിട്ടുണ്ട്.
മേൽ പറഞ്ഞവ ശരിയായ പഞ്ചകർമ ചികിത്സകളുടെ പൂർവ കർമ്മമായോ, (അകത്തേക്കും പുറത്തേയ്ക്കും ഉള്ള എണ്ണ, നെയ് മുതലയവയുടെയും തുടർന്നുള്ള വിയർപ്പിക്കലിന്റെയും സമ്മിശ്ര രൂപം) ചില രോഗങ്ങളുടെ ശമന ചികിത്സ ആയും ആണ് ആയുർവേദം നിർദ്ദേശിക്കുന്നത്.
ശരീരത്തിൽ ഉണ്ടാകുന്ന പല തരം മാലിന്യങ്ങളും,വിഷ വസ്തുക്കളും വായ്, നാസിക, മലദ്വാരം ഇവ വഴി മേൽ പറഞ്ഞ സ് നേഹ സ്വേദങ്ങൾക്കു ശേഷം ച്ഛർദ്ദിപ്പിച്ചോ(വമനം),വയറിളക്കിയോ(വിരേചനം),മൂക്കിൽ മരുന്നൊഴിച്ചോ(നസ്യം),എനിമ പോലെ(കുറച്ച് വ്യത്യാസമുണ്ട് .എളുപ്പം മനസ്സിലാകാൻ ഇങ്ങനെ പറഞ്ഞെന്നേ ഉള്ളൂ) കഷായങ്ങളൊ, തൈലങ്ങളൊ നൽകുക(വസ്തി- കഷായവസ്തി, തൈല വസ്തി എന്നിങ്ങനെ പല വിധം),കെട്ടി നിൽക്കുന്ന ദുഷിച്ച രക്തം നീക്കുന്നതു(രക്ത മോക്ഷം) ഇവയാണു ശരിയായ പഞ്ച കർമ്മങ്ങൾ.(പഞ്ചവിധ ശോധന കർമ്മങ്ങൾ എന്ന് പൂർണ രൂപം.)

ഇതെല്ലാം കൂടി ഒരുമിച്ച് ഒരാൾക്ക് ചെയ്യാൻ സാധ്യമല്ല. അതിന്റെ ആവശ്യവും ഇല്ല. അതിനു ശ്രമിച്ചാൽചിലപ്പോൾ ആളു വടിയായെന്നിരിക്കും.
പലരും ഒരു ദിവസത്തെ ശിരോധാരയൊക്കെ ചെയ്യാറുണ്ട്. ഇതൊക്കെ മിക്കവാറും സാഹചര്യങ്ങളിൽ ദോഷമായേ ഭവിക്കൂ. പക്ഷെ ഇതൊക്കെ ആവശ്യക്കാരനെ പറഞ്ഞു മനസ്സിലാക്കാനാണു പാട്.
നല്ല ആ‍യുർവ്വേദ സ്ത്ഥലങ്ങളിൽ, നല്ല ഒരു ഡോക്റ്ററുടെ മേൽ നോട്ടത്തിൽ മാത്രം ഇത്തരം ചികിത്സകൾ ചെയ്യുക.
ശരിയായ വിധം ചെയ്യുന്ന പഞ്ചകർമ്മങ്ങൾ കാൻസറിനു പോലും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നീക്കാനും പല വിധ രോഗങ്ങളിൽ നിന്നു സുഖം പ്രാപിക്കാനും ആയുർ ദൈർഘ്യം കൂട്ടാനും എല്ലാം സഹയകമാണ്.
ഓർക്കുക! ശരിയായ വിധത്തിൽ ചെയ്താൽ മാത്രമേ ഈ ഗുണങ്ങൾ കിട്ടുകയുള്ളു.